കോഴിക്കോട്: തളിപ്പറമ്പ് അരിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചട്ടം ലംഘിച്ച് സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരിശോധനയ്ക്കായി പി.ജയരാജനെ എത്തിച്ചത്. പി.ജയരാജന്റെ അറസ്റ്റിനുശേഷം വന്‍ അക്രമസംഭവങ്ങളാണ് കണ്ണൂരും കേരളത്തിന്റെ മറ്റ് ജില്ലകളിലും ഉണ്ടായത്. അതുകൊണ്ട് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കേണ്ടതും അത്യന്താപേഷിതമാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് പി.ജയരാജനെ ആശുപത്രിയിലെത്തിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെന്ന നിലയ്ക്ക് ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ട് ജയരാജന്‍ സ്വന്തം കാറിലെത്തിയത് ഇതിനോടകം തന്നെ വിവാദമായിരിക്കുന്നു. സ്വന്തം വാഹനത്തിലെത്തിയ കാര്യം പ്രശ്‌നമാകുമെന്നറിഞ്ഞതോടെ പരിശോധനയ്ക്ക് ശേഷം ടാക്‌സിയിലാണ് പി.ജയരാജന്‍ തിരിച്ചുപോയത്. തലശേരി ആര്‍ഡിഒയില്‍ 2009ല്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 58 സി 1717 നമ്പറിലുള്ള കറുത്ത ബെലേറോയിലാണ് മെഡിക്കല്‍ കോളേജിലെത്തിയത്. പി. ജയരാജനൊപ്പം ഡ്രൈവറും വേറൊരാളുമാണ് ഉണ്ടായത്. കണ്ണൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് വാഹനം ഈ വാഹനത്തിന് അകമ്പടി പാലിച്ചു. പി.ജയരാജന്‍ എത്തുന്നുവെന്ന വാര്‍ത്തയറിഞ്ഞ് നിരവധി സിപിഎം പ്രവര്‍ത്തകരര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ജയരാജന്‍ തയ്യാറായില്ല. കോടതിയുടെ അനുമതിയോട് കൂടി മാത്രമേ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് പുറമെ നിന്നുള്ളവരോട് സംസാരിക്കാന്‍ പോലും കഴിയുകയുള്ളൂ. ആ നിലയ്ക്കാണ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ജയില്‍ അധികൃതരുടെ നടപടി.
