- രണ്ടാം യുപിഎ ജാരസന്തതിയെന്നും അദ്വാനി ; ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് ബഹളം
ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാര്‍ നിയമാനുസൃതമല്ലെന്ന് എല്‍.കെ അദ്വാനി. യു.പി.എ സര്‍ക്കാര്‍ ജാരസന്തതിയാണെന്നും അദ്ദേഹം പരാമര്‍ശം നടത്തി. ആസാം കലാപത്തില്‍ അദ്വാനി കൊണ്ടുവന്ന അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എല്‍.കെ അദ്വാനി ഇങ്ങെയൊരു പരാമര്‍ശം നടത്തിയത്. ഇത് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന്റെ ബഹളത്തിനിടയാക്കി. സഭയില്‍ ബഹളമുണ്ടായതിനെത്തുടര്‍ന്ന് അദ്വാനി തന്റെ പരാമര്‍ശം പിന്‍വലിച്ചു. അസമിലെ കലാപം ഹിന്ദുമുസ്ലീം വര്‍ഗീയ പ്രശ്‌നമായി കാണരുതെന്നും കലാപം ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം മൂലമാണെന്നും അദ്വാനി ചൂണ്ടിക്കാട്ടി. പണം നല്‍കിയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും അതുകൊണ്ട് സര്‍ക്കാര്‍ നിയമാനുസൃതമല്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്. സോണിയാ ഗാന്ധിയും മറ്റ് നേതാക്കളും കൂടി ബഹളം വെച്ച് തുടങ്ങിയതോടെ പരാമര്‍ശം 2009ലെ തെരഞ്ഞെടുപ്പിനെയല്ല, 2008ലെ അവിശ്വാസപ്രമേയം പണം നല്‍കിയാണ് സര്‍ക്കാര്‍ അതിജീവിച്ചതെന്ന് അദ്വാനി തിരുത്തി പറഞ്ഞു. അതേസമയം അദ്വാനിയുടെ പരാമര്‍ശം പാര്‍ലമെന്റിനെ അവഹേളിക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് സഭാകക്ഷി നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
